ആനകളുടെ കുളി കാണാൻ ആനക്കുളം

Tripoto
Photo of ആനകളുടെ കുളി കാണാൻ ആനക്കുളം by rahul krishna

മൂന്നാറിലേക്ക് ഇനി ഒരു യാത്രയില്ല എന്നു തിരുമാനിച്ചിരിക്കുമ്പോഴാണ് മൂന്നാറിനടുത്തു മാങ്കുളം എന്ന സ്ഥലത്തെ ആനക്കുളത്തെ പറ്റി കേൾക്കുന്നത്. അടിമാലി മുന്നാർ റൂട്ടില കല്ലാറിൽ നിന്നു തിരിഞ്ഞു ഏകദേശം 15കി.മി സഞ്ചരിചാൽ മാങ്കുളമായി,അവിടെ നിന്നു ഒരു 8 കി.മി സഞ്ചരിചാൽ പ്രകൃതി രമണീയമായ ആനക്കുളത്തു എത്താം. നിരവധി കുന്നുകളും മലകളും അരുവികളും വെള്ളച്ചാട്ടങ്ങളുമെല്ലാമുള്ള പച്ചയണിഞ്ഞ ഒരു നാട്. ആനക്കുളം, പേരു പോലെ തന്നെ ആനകളുടെ വിഹാരകേന്ദ്രമാണിത്. ആനക്കുളത്തിലേക്കുള്ള യാത്ര വേനൽകാലത്താക്കുന്നതാണ് ഏറ്റവുമുചിതം. ഉൾവനങ്ങളിൽ ജലക്ഷാമം രൂക്ഷമാകുമ്പോൾ ആനകൾ കൂട്ടമായി വെള്ളം കുടിക്കാനും ശരീരം തണുപ്പിക്കാനുമായി ഇവിടെയെത്തും. കൂട്ടത്തോടെയെത്തുന്ന ആനകളിൽ കൊമ്പന്മാരും കുട്ടിയാനകളുമെല്ലാമുണ്ടാകും.

ഈ പുഴയിലെ ഒരു പാറയുടെ സമീപത്തു നിന്നുമുയരുന്ന കുമിളകൾക്കു ഉപ്പുരസമുണ്ടെന്നും ആ ജലം കുടിക്കാനാണ് സ്ഥിരമായി ആനകൾ ഇവിടെയെത്തുന്നതെന്നുമാണ് പ്രദേശവാസികൾ പറയുന്നത്. കാര്യം എന്തുതന്നെയായാലും അവരുടെ കളിയും കുളിയുമെല്ലാം ഏറെ കൗതുകകരമാണ്. കളിച്ചു തിമിർക്കുന്ന കാട്ടാനക്കൂട്ടം ഇതുവരെ ആരെയും ഉപദ്രവിച്ചിട്ടില്ല. കടുത്ത വേനൽ അവസാനിക്കുന്നത് വരെ, ഏകദേശം മൂന്നു നാലു മാസം ആനകളിങ്ങനെ നാടുകാണാനും പുഴയിലെ വെള്ളം കുടിക്കാനുമായി എത്താറുണ്ട്. ഏറ്റവും കൂടുതൽ സഞ്ചാരികൾ ആനക്കുളത്തു എത്തുന്നതും ഈ കാലത്തു തന്നെയാണ്.