KOTAGIRI - CATHERINE WATERFALLS - KODANADU VIEW POINT - UYILETTI WATERFALLS
ദീപാവലി ആണ് , കേരളത്തിലെ പോലെ അല്ല ഇവിടെ മൊത്തം വെടിയും പൊകയും അഞ്ചു ദിവസം അവധിയും . വേറെ എന്ന വേണം , കീശ കനം കൊറവായോണ്ട് അടുത്ത എവിടേലും പോകാം എന്നുറപ്പിച്ചു . എവിടെ പോകും ? അങ്ങനെ ആലോചിച്ചപ്പോഴാണ് കൈയിലെ ഉണങ്ങിയ തുന്നൽ . പണ്ടൊരിക്കൽ കാതറിൻ വെള്ളച്ചാട്ടം തേടിപോയതാണ് . വഴുക്കി വീണു. കൈ രേഖ മാറ്റിയ വീഴ്ച . അന്ന് തിരിച്ച പോന്നപ്പോഴേ മനസ്സിൽ ഇനിയൊരിക്കൽ വരും എന്ന് ഉറപ്പിച്ചതാണ് .
കോത്തഗിരി , നീലഗിരിയിലെ ഷോല കാടുകളും തേയില തോട്ടങ്ങളും കണ്ണെത്താ ദൂരം പരന്നു കിടക്കുന്ന മലനിരകളും കോട്ടഗിരി ഒരു സുന്നരിയാണെ. കോട്ടഗിരി തന്നെ ആകട്ടെ നാല് ദിവസം. പോകുന്നതിനു മുന്ന് ചോദ്യച്ചവർ ഒക്കെ പറഞ്ഞത് . നാല് ദിവസം കോട്ടഗിരിയിൽ എന്ത് കാണാൻ ആണ്. രാവിലെ പോയി രാത്രി തിരിച്ചു പോരെ . ഞാൻ പക്ഷെ ഇത്തവണ പോകുന്നെങ്കിൽ മൊത്തം കോട്ടഗിരി കണ്ടിട്ടേ ഒള്ളു എന്നായി . ജോയും അത് തന്നെ മതി എന്ന് പറഞ്ഞു.
രാവിലെ അതിരാവിലെ എണീറ്റ് മലയാകയറാം എന്ന് വിചാരിച്ചു കിടന്നു . ഇച്ചിരി നേരത്തെ ആയി . കോയമ്പത്തൂർ നിന്നും ഇറങ്ങുമ്പോ സമയം പത്തുമണി കഴിഞാർന്നു. മേട്ടുപ്പാളയം താണ്ടി ചുരം കയറുമ്പോഴേക്കും സമയം 12 . കശാലയാ വിശപ്പ് . മേട്ടുപ്പാളയം വിട്ടാൽ പിന്നെ അരവേണുയിലെ ഒരു കടയൊള്ളു . നേരെ വച്ച പിടിച്ചു മേലോട്ട് . വിശപ്പ് കത്തികയറിയിരുന്നു . കോട്ടഗിരിയിൽ ബെസ്ററ് ഫുഡ് സ്പോട് സം സം ബിരിയാണിയും അഡെങ്കപ്പ ടീ സ്റ്റാളും ആണ് . വിശപ്പ് കട്ടയ്ക് പിടിച്ചുകൊണ്ട് സം സം മിലെ നല്ല ധം ബിരിയാണി അടിക്കാതെ നിവർത്തിയില്ല. എങ്ങനെ ആണെന്ന് അറിയൂല്ല അവിടെത്ത ഭായിയുടെ ബിരിയാണി ഒന്നൊന്നര ഐറ്റം ആണ് . വിശപ്പടങ്ങിയപ്പോ ഒരു ആശ്വാസം .
ഇനി താമസിക്കാൻ ഒള്ള സ്ഥലം കണ്ടുപിടിക്കണം . കാശില്ലാത്തകൊണ്ട് ഓസിയ്ക് താമസിക്കാൻ സ്റ്റേ ഓൺ സ്കിൽ തന്നെ . കിട്ടി ഒരു വുഡൻ ഹോം. ദർപ്പൻ വുഡൻ കോട്ടജ് . പടം ഒക്കെ നൈസ് ആണ് . ലൊക്കേഷൻ നോക്കി മാപ്പിൽ . ഇല്ല . അങ്ങനെ ഒരു സ്ഥലം ഇല്ല . വിളിച്ചു കെയർ ടേക്കറെ . അരവേണു നിന്നും ഹാലക്കാരെ പോണ വഴിയിൽ നേരെ പോരെ റോഡിൽ തന്നെ ആണ് നമ്മടെ പ്രോപ്പർട്ടി . കണ്ട് പിടിക്കാൻ വല്യ ബുദ്ധിമുട്ടുണ്ടായില്ല. ബാഗ് ഒക്കെ വച്ചു . സെലവൻ അണ്ണനോട് അറിയാവുന്ന ചോദിച്ചു "അണ്ണാ ഇങ്കെ എന്ന പാക്കതുക്ക് ഇറുക്കെ " അണ്ണൻ പറഞ്ഞു താണ്ടേ കാണുന്നതാണ് ഡോൾഫിൻ നോസ് വ്യൂ പോയിന്റ് . മലയുടെ അങ്ങേ അറ്റത്ത് ഒരു കുഞ്ഞു പൊട്ടു പോലെ . പിന്നെ വേറെ എന്ന ഒള്ളത് കാതറിൻ വെള്ളച്ചാട്ടം . ഇത് മറ്റും താ . വേറെ ഏതവത് ഇറുക്കാ . ഇനി വേറെ ഒന്നുമില്ല എന്നല്ല ചിന്ന ഒരു ഫാൾസ് കൂടെ ഉണ്ട് . അവിടേക്ക് ഒള്ള വഴി കൂടെ നോട്ട് ചെയ്തു എടുത്ത് .
കുളിച്ച റെഡി ആയി നേരെ ഡോൾഫിൻ നോസ് ലക്‌ഷ്യമാക്കി ഞങ്ങൾ നീങ്ങി . ഇന്ന് ഡോൾഫിൻ നോസ് മാത്രേ പോകുന്നുള്ളൂ . ആദ്യമായിട്ടാണ് അരവേണു നിന്നു ഹാലക്കര വഴി കുന്നൂർ പോകുന്നത് . വഴി നല്ല കിടു ആണ് , തേയില തോട്ടങ്ങൾക്കു നാടവിലൂടെ അങ്ങനെ ചെറിയ ചാറ്റൽ മഴയൊക്കെ കൊണ്ട് ഹെയർപിൻ വളവുകളുമായി അങ്ങനെ പോയികൊണ്ട് ഇരിക്കുമ്പോഴാണ് . ഇരുട്ട് പിടിച്ചത് . സമയം നോക്കി 4 മണികഴിഞ്ഞതേ ഒള്ളു . ഒരു തരി വെളിച്ചം വീഴാത്ത തരത്തിലുള്ള കാട് . കൊറച്ചു പേടി ഉണ്ടാർന്നു . ആനയെ കഴിഞ്ഞ തവണ മല ഇറങ്ങിയപ്പോ കണ്ടതാണ് . പോയി പോയി പത്തുപതിനഞ്ചു കിലോമീറ്റർ കഴിഞ്ഞപ്പോഴേക്കും ഡോൾഫിൻ നോസ് വ്യൂ പോയിന്റ് ബോർഡ് കണ്ടു സന്തോഷം . 10 രൂപ ടിക്കറ് എടുക്കണം . ക്യാമറയ്ക് 50തും . പതിയെ വ്യൂ പോയിന്റ് തുഞ്ചത്തു പോയി.
കാതറിൻ ഇത്ര വലുതാണ് എന്ന് അപ്പോഴാണ് മനസിലായത് . മലയുടെ അപ്പുറത്ത് നരച്ച മുടികണക്കിനു താഴോട്ട് വീഴുന്നു . കൊറച്ചു പടം ഒക്കെ പിടിച്ചു. കൊറേ നേരം മലകളെ നോക്കി ഇരുന്നു . നേരം ഇരുട്ടി തുടങ്ങി . തിരിച്ച വന്ന വഴി പോകാൻ ഒരു പേടി . കൊറച്ചു ചുറ്റി , മെയിൻ റോഡ് വഴി നമ്മടെ വുഡൻ ഹൗസിൽ എത്തി .രാത്രി പേടിപ്പിക്കുന്ന ഇരുട്ട് . ചുറ്റും ഉള്ള വീടുകളിൽ ഒന്നും ആരുമില്ല . ആകാശം നോക്കി ഇരിക്കാം എന്നൊക്കെ വിചാരിച്ചു എന്നാൽ ആനയുടെ ചിന്നുവിളിയും ചീവിടുകളും . എങ്ങനെ എങ്കിലും ഒന്ന് ഉറങ്ങി കിട്ടിയ മതി എന്നായി
രാവിലെ ഇച്ചിരി വൈകി എന്നേറ്റു . അണ്ണൻ പറഞ്ഞ കുഞ്ഞി വെള്ളച്ചാട്ടം തപ്പി പോകാം എന്ന് ഉറപ്പിച്ചു . നല്ല മാഗി നൂഡിൽസ് ഉണ്ടാക്കി കഴിച്ചു കൂടെ ഒരു സൂപ്പും . ചെലവ് ചുരുക്കലിന്റെ ഭാഗം ആണേ . ഉയിലെട്ടി എന്നൊരു ഗ്രാമത്തിലാണ് വെള്ളച്ചാട്ടം . ചോദ്യചും പറഞ്ഞും അങ്ങനെ കണ്ടു പിടിച്ചു . റോഡിൽ നിന്നും ഇറങ്ങാൻ ഒള്ള വഴികൾ ഒന്നുമില്ല . തേയില തോട്ടത്തിന്റെ നടുവിലൂടെ വച്ച പിടിപ്പിച്ചു അങ്ങനെ അവസാനം താഴെ അടുത്തെത്തി . ചുമ്മാ താഴോട്ട് നോക്കിയപ്പോ ഒരു അധികം സമയം ആയിട്ടില്ലാത്ത ഒരു കാല്പാദം മണ്ണിൽ . കേട്ട ശബ്ദങ്ങളും വലിയ പന്തിയല്ല . പിന്നെ ഒരു ഓട്ടമായിരുന്നു മുകളിലോട്ടു . റോഡ് എത്തിയപ്പോഴാ ഒരു സമാധാനം ആയെ . ഒരു ചെറിയ കാട്ടുപോത്ത് അത്രേ ഒള്ളു .
കൊറച്ചു ദൂരം മുന്നോട്ടു പോയപ്പോൾ കാരറ്റ് കഴുകണതു കണ്ടു അവിടെ കയറി രണ്ടു കാരറ്റൊക്കെ കഴിച്ച് വറത്തമാനം ഒക്കെ പറഞ്ഞിരുന്നപ്പോഴാ പറയുന്നേ . ദാണ്ടെ കാണുന്നത് ഒരു ഓറഞ്ച് തോട്ടം ആണെന്ന് . എങ്കി പിന്നെ ഓറഞ്ച് തോട്ടം കാണാമെന്നു കരുതി . ഓറഞ്ച് തോട്ടത്തിന്റെ ഉടമസ്ഥനും കുടുംബോം കൂടെ എവിടേക്കോ പോകാൻ റെഡി ആയി പുറത്തു ഇറങ്ങുവാർന്നു . പോയിട്ട് ഉച്ച കഴിഞ്ഞു വരാൻ പറഞ്ഞു . കൂട്ടത്തിൽ കൊറച്ചു ഓറഞ്ചും തന്നു . പോയിട്ട് പിന്നെ വരം എന്ന് വിചാരിച്ചു ഞങ്ങൾ അടുത്ത സ്ഥലം ലക്ഷ്യമാക്കി നീങ്ങി.
കോടനാട് , തമിഴ് നാട്ടുകാരുടെ അമ്മയുടെ വേനൽക്കാല വസതി, കോടനാട് പോകുന്ന ആർക്കും തോന്നും ഇവിടെ ഒരു വീടുണ്ടാരുന്നേൽ എന്ന് . പുള്ളിക്കാരിക്കും പണ്ട് തോന്നിക്കാണും . പോകുന്ന വഴി മൊത്തം നിറുത്തി പടം പിടിച്ചാണ് ഞങ്ങടെ പോക്ക് . കോടനാട് വ്യൂ പോയിന്റ് എത്തി . ബൈക്ക് സൈഡ് ആക്കിയിട്ട് ഞങ്ങൾ താഴോട്ട് ഇറങ്ങി . ഞാൻ ജോയിനോട് പറഞ്ഞട്ടില്ല അവിടെ എന്ന കാണാൻ ഒള്ളത് എന്ന്. ഞാൻ പണ്ടൊരിക്കൽ ഞെട്ടിയതാണ്. കോടനാട് നിന്ന് ഒള്ള ആ കാഴ്ച ആദ്യം കാണുന്ന ആരായാലും ഒന്ന് ഞെട്ടും . രംഗനാഥൻ പീക്കും ഒരു കിടുക്കച്ചി പേര് അറിയാത്ത വെള്ളച്ചാട്ടവും
കൊറച്ചു നേരം അവിടെ അങ്ങനെ തരിച്ചു ഇരുന്നു . കോട വരുന്നു . മേഘങ്ങൾക്കിടയിൽ നമ്മൾ അങ്ങനെ ഊളിയിട്ടു പോകുന്നു . ഇടയിൽ കൊറച്ചു പേരൊക്കെ വന്നു ഫോട്ടോ എടുത്ത് പോകുന്നുണ്ടാർന്നു . ഫുൾ കോട മൂടിയ സമയത്തു . സമയം ഇല്ലാണ്ട് ഓടി നടന്നു സ്ഥലങ്ങൾ കണ്ട് തീർക്കാൻ നടക്കുന്നവർ ആയിരിക്കും . അര മണിക്കൂർ ഇരുന്ന ഞങ്ങൾ ഓരോ അഞ്ചു മിനിറ്റിലും കണ്ടത് വ്യത്യസ്ത കാഴ്ചകൾ ആയിരുന്നു . മഴ പെയ്യാന് തുടങ്ങിയപ്പോൾ ആണ് ഞങ്ങള്ക് തിരിച്ച പോകാൻ തോന്നിയത് .
സിമിത്തേരി തേടിയുള്ള യാത്രയെ പറ്റിയും ബാക്കി കോത്തഗിരി വിശേഷങ്ങളും അടുത്ത ഭാഗത്തിൽ
( തുടരും )
Follow us
#tripjodi