പെരുമഴയത്തൊരു മാത്തേരണ്‍ ക്യാന്പിങ്ങ്
ദുബായില്‍ നിന്ന് ലിജോ ചേട്ടന്‍റെ ഫോണ്‍, ഞാന്‍ വെള്ളിയാഴ്ച്ച രാവിലെ എത്തും. അദ്ദേഹം ദുഫായില് ശൈഖിന്‍റെ വലം കൈയാണ്. മഴയത്ത് മഹാരാഷ്ട്രയിലെ മണ്ണും മനസ്സും നിറക്കുന്ന ട്രെക്കിങ്ങ് ഒന്ന് ചെയ്യണം, അതാണ് ലക്ഷ്യം. വെള്ളിയാഴ്ച്ച പുലര്‍ച്ചക്ക് തന്നെ അദ്ദേഹം മുംബൈ എത്തി. ഇന്ന് മാത്തേരണ്‍ പോയി ക്യാന്പ് ചെയ്യണം. നാളെ രാവിലെ മാത്തേരണിലെ വ്യൂ പോയിന്‍റൊക്കെ കണ്ടതിന് ശേഷം തൊട്ടടുത്തുള്ള പെബ് ഫോര്‍ട്ട് വഴി തിരിച്ചുുപോരണം, ഇതാണ് പ്ലാന്‍.
മുംബൈയില്‍ നിന്ന് ഉച്ചക്ക് ശേഷമുള്ള ഒരു കര്‍ജാട്ട് ലോക്കല്‍ ട്രെയിനില്‍ യാത്ര ആരംഭിച്ചു. വീണ്ടുമൊരു വെള്ളപ്പൊക്കത്തിനുള്ള ചാന്‍സ് കാണുന്നുണ്ട്, ഇന്നലെ തുടങ്ങിയ മഴ ഇതുവരെ നിന്നിട്ടില്ല. പോകുന്ന വഴിയില്‍ പല സ്ഥലത്തും വെള്ളം കയറിയിട്ടുണ്ട്. 4 മണിയോടെ ട്രെയിന്‍ നേരല്‍ സ്റ്റേഷനിലെത്തി. കര്‍ജാട്ട് എത്തുന്നതിന്‍റെ രണ്ട് സ്റ്റേപ്പ് മുന്പാണ് നേരല്‍ സ്റ്റേഷന്‍. ഇവിടെ നിന്ന് മാത്തേരണിലേക്ക് ഷയര്‍ ടാക്സി കിട്ടും. ഇനി, ഇന്ന് രാത്രി കഴിക്കാനുള്ള ഭക്ഷണം വാങ്ങണം. തൊട്ടടുത്തുള്ള ഒരു കടയില്‍ നിന്ന് നാല് പാക്ക് ക്രീം ബന്നും രണ്ട് പാക്ക് മാഗിയും വാങ്ങി. ഇന്ന് രാത്രിയിലേക്ക് ഇതുമതി. നാളെ രാവിലെത്തെ ഭക്ഷണം മാത്തരണില്‍ നിന്ന് എവിടെ നിന്നെങ്കിലും കഴിക്കാം. സാധനങ്ങളെല്ലാം വാങ്ങിയതിന് ശേഷം ഷയര്‍ ടാക്സി സ്റ്റാന്റിലേക്ക് നടക്കുന്പോള്‍ ഞമ്മളെ നോക്കി ചിരിച്ച് നില്‍ക്കുന്നു കന്പിയില്‍ തൂങ്ങിയ ചിക്കന്‍ തന്തൂരി. മുന്നില്‍ കണ്ട സ്ഥിതിക്ക് കുറച്ചില്ല, ഒരു ഹാഫ് വാങ്ങി ഭാഗിലാക്കി, രാത്രി ബന്നും കൂട്ടി കഴിക്കാം.
നേരല്‍ സ്റ്റേഷനില്‍ നിന്ന് 10KM അകലെയാണ് മാത്തേരണ്‍ സ്ഥിതി ചെയ്യുന്നത്. മാത്തേരണ് വരെ വാഹനം പോകില്ല. മാത്തേരണിന്‍റെ 2KM ഇപ്പുറം അമന്‍ ലോഡ്ജ് എന്ന സ്ഥലം വരെ ഷയര്‍ ടാക്സിയില്‍ പോകാം. അവിടെ നിന്ന് മാത്തേരണിലേക്ക് നടക്കണം. അല്ലെങ്കില്‍ കുതിര പുറത്ത് സഞ്ചരിക്കാം. അമന്‍ ലോഡ്ജ് മുതല്‍ മാത്തേരണ്‍ വരെ ഇപ്പോഴും ടോയി ട്രെയില്‍ സര്‍വ്വീസുമുണ്ട്. നാലരയോടെ ഞങ്ങള്‍ നേരലില്‍ നിന്ന് അമന്‍ ലോഡ്ജിലേക്ക് പുറപ്പെട്ടു. കുറച്ചു ദുരം കഴിഞ്ഞപ്പോഴേക്ക് മാത്തേരണിന്‍റെ കോട മൂടിയ ദൃശ്യങ്ങള്‍ കണ്ടു തുടങ്ങി. കോട മായുന്ന സമയത്ത് പലയിടങ്ങളിലായി വെള്ളച്ചാട്ടങ്ങളും. ഇത് കണ്ട് അന്താളിച്ച് നില്‍ക്കാണ് ലിജോ ചേട്ടന്‍. മാത്തേരണിനടുക്കും തോറും മലനിരകളുടെ ഭംഗി കൂടി വരുന്നത് പോലെ. മുകളില്‍ എത്തിയപ്പോഴേക്കും മഴ വീണ്ടും കനത്തിരിക്കുന്നു. 5 മണിയോടെ ഞങ്ങള്‍ അമന്‍ ലോഡ്ജ് എത്തി. മുന്നില്‍ തന്നെ മാത്തേരണ്‍ ഹില്‍ സ്റ്റേഷന്‍ മുന്‍സിപ്പല്‍ കൗണ്‍സിലിന്‍റെ ടിക്കറ്റ് കൗണ്ടര്‍. ഇവിടെ നിന്ന് എന്‍ട്രി ടിക്കറ്റ് എടുത്തുവേണം മുന്നോട്ട് പോകാന്‍. 50 രൂപയാണ് ഒരാള്‍ക്ക് ചാര്‍ജ്.
മാത്തേരണിനു ചുറ്റുമായി പല വ്യൂ പോയിന്റുകളുണ്ട്. അതിലൊന്നാണ് ഗാര്‍ബറ്റ് പോയന്‍റ്. ഇന്ന് രാത്രി ഇവിടെ ടെന്‍റടിക്കാനാണ് ഉദ്ദേശം. അമന്‍ ലോഡ്ജില്‍ നിന്ന് മാത്തേരണിലേക്കുള്ള ട്രെയില്‍ ട്രാക്കിലൂടെ ഒരു 200 മീറ്റര്‍ നടന്നാല്‍ ഇടതു ഭാഗത്തേക്കുള്ള വഴിയിലൂടെ ഒരു 2 KM നടക്കാനുണ്ട് ഗാര്‍ബറ്റ് പോയന്റിലേക്ക്. വഴിയില്‍ ചുറ്റുമായി വലിയ മരങ്ങള്‍. മുന്നിലേക്കുള്ള കാഴ്ച്ചയെ മറച്ച് കോട മഞ്ഞ് മൂടുന്നു. ഈ മഴയിലൂടെ മഴതുള്ളികളെ തലോടി, കോടമഞ്ഞ് കൂടു കൂട്ടിയ വഴിയിലൂടെ അങ്ങനെ നടക്കുന്പോള്‍ എന്തെന്നില്ലാത്ത ആനന്ദം. പാതി വഴി കഴിഞ്ഞപ്പോള്‍ ചെറിയൊരു വെള്ളച്ചാട്ടം. കോട മുടിയത് കൊണ്ട് ശരിക്ക് കാണുന്നില്ല. കുറച്ച് നേരം കാത്തിരുന്നപ്പോള്‍ ഒരു മിന്നായം പോലെ ദര്‍ശനം തന്ന് വെള്ളച്ചാട്ടം വീണ്ടും കോട മഞ്ഞിലോളിച്ചു. 6 മണിയോടെ ഞങ്ങള്‍ ഗാര്‍ബറ്റ് പോയിന്‍റിലെത്തി. ഇവിടെ നിന്ന് നോക്കിയാല്‍ മാത്തേരണ്‍ കാണേണ്ടതാണ്. പെരുമഴയായതിനാല്‍ ശരിക്കും ഒന്നും കാണാന്‍ കഴിയുന്നില്ല. കൂടാതെ അതി ശക്തമായ കാറ്റും. കാറ്റിന്‍റെ ശക്തികൊണ്ട് വ്യൂ പോയിന്‍റില്‍ ടെന്‍റടിക്കാന്‍ കഴിയുന്നില്ല. കുറച്ച് ഉള്ളോട്ടുമാറി പെരുമഴയത്ത് എങ്ങനെയോ ടെന്‍റ് ശരിയാക്കി. എല്ലാം കഴിഞ്ഞപ്പോഴേക്കും ടെന്‍റിനുള്ളില്‍ ശരിക്കും വെള്ളം കയറിയിട്ടുണ്ട്. അതെല്ലാം ശരിയാക്കി, ടെന്‍റിനുള്ളില്‍ കയറി ബാഗ് തുറന്നപ്പോള്‍ ഉള്ളിലുള്ളതെല്ലാം നന്നായി നനഞ്ഞിട്ടുണ്ട്. ഈ പെരുമഴയത്ത് റെയിന്‍ കോട്ടും ബാഗ് കവറും ഉണ്ടായിട്ട് ഒരു കാര്യവുണ്ടായില്ല. രാത്രി ധരിക്കാന്‍ വേണ്ടി കൊണ്ടു വന്ന ടീഷര്‍ട്ടും പാന്‍റും വരെ നനഞ്ഞിരിക്കുന്നു. ധരിച്ച വസത്രങ്ങള്‍ തന്നെ പിഴിഞ്ഞ് വീണ്ടും ധരിച്ചേക്കാം, അതല്ലാതെ വേറെ രക്ഷയില്ല.
സമയം കഴിയുന്തോറും തണുപ്പ് കൂടിവരുന്നു. പെട്ടെന്ന് ഭക്ഷണം കഴിക്കണം. കൊണ്ടു വന്ന തന്തൂരി തണുത്തിട്ടുണ്ട്. പോര്‍ട്ടബിള്‍ സ്റ്റൗവും ബ്യൂട്ടൈന്‍ ഗ്യാസും ഉപയോഗിച്ച് ആദ്യം കുറച്ച് ചായ ഉണ്ടാക്കാം. എന്നിട്ട് ബന്നും ചിക്കനും ചൂടാക്കി ഡിന്നര്‍ കഴിക്കാം. കോരിച്ചൊരിയുന്ന മഴയത്ത്, ഒരു മലയുടെ മുകളില്‍ അടിച്ച ടെന്‍റിനുള്ളില്‍, കട്ടന്‍ ചായയും ചിക്കനും കഴിക്കുന്ന ഒരു ഫീലിങ്ങ് വെറെതന്നെയാണ്. ഭക്ഷണം ഉണ്ടാക്കി കഴിഞ്ഞപ്പോഴേക്കും ടെന്‍റിനുള്ളില്‍ ശരിക്കും ചൂടായിട്ടുണ്ട്. തണുപ്പിന് ചെറിയൊരു ആശ്വാസം. ഇനി ഒന്ന് കിടക്കണം. ഉറക്കം വരും എന്ന് തോന്നുന്നില്ല. ഒരു സ്ലീപ്പിങ്ങ് മാറ്റും പുതപ്പും മാത്രമാണ് ഞങ്ങളുടെ കൈയില്‍ ഉള്ളത്. ടെന്‍റിനടിയിലൂടെ ചെറുതായി മഴ വെള്ളം ഒലിക്കുന്നുണ്ടെന്ന് തോന്നുന്നു. അത് കൊണ്ട് തന്നെ ടെന്‍റിനകത്ത് നിലത്ത് നനവ് പൊടിയുന്നുണ്ട്. മാറ്റ് വിരിച്ച ഭാഗത്ത് കുഴപ്പമില്ല. ബാക്കിയുള്ള ഭാഗത്ത് ഇടക്കിടക്ക് തുടക്കേണ്ടി വരുന്നു.
സമയം 9 മണി കഴിഞ്ഞിരിക്കുന്നു. മഴക്ക് ഒരു ശമനവുമില്ല. കൂടാതെ കാറ്റിന്‍റെ ശക്തി കൂടിവരുന്നത് പോലെ. ഇനി കിടക്കാന്‍ നോക്കാം. ലിജോ ചേട്ടന്‍റെ മൊബൈല്‍ ഓണാകുന്നില്ല. എന്‍റേത് ഓണാകുന്നുണ്ട്. പക്ഷെ, ക്യാമറയുടെ ലെന്‍സിന്‍റെ അകത്ത് ഈര്‍പ്പം കയറിയിട്ടുണ്ട്. അത് കൊണ്ട് ഇന്ന് കൂടുതല്‍ ഫോട്ടോസ് എടുക്കാന്‍ കഴിഞ്ഞില്ല എന്ന സങ്കടവും. രാവിലെ ആകുന്പോഴേക്കും ശരിയാകുമോ എന്ന് നോക്കാം. നിലത്തു നിന്ന് തണുപ്പ് കയറുന്നുണ്ട്. അത് കൊണ്ട് ശരിക്ക് കിടക്കാന്‍ കഴിയുന്നില്ല. ഒരു മാറ്റില്‍ രണ്ട് പേര്‍ എങ്ങനെയോ കിടക്കുന്നു. ആകെയുള്ള ഒരു പുതപ്പ് രണ്ട് പേരും അങ്ങോട്ടും ഇങ്ങോട്ടും വലിക്കുന്നു. ആദ്യമായി കാണുന്ന രണ്ടു പേര്‍ ടെന്‍റിനുള്ളില്‍ പുതപ്പിന് വേണ്ടി തല്ലു കൂടുന്നു, അടിപൊളി. തണുപ്പ് സഹിക്കുന്നില്ല. വീണ്ടും ഗ്യാസ് സ്റ്റൗ കത്തിച്ച് ടെന്‍റിനകം ഒന്ന് ചൂടാക്കം. നനഞ്ഞ വസ്ത്രങ്ങളും ഒന്നു ചൂടാക്കിയെടുക്കാം. ഇതൊക്കെ കഴിഞ്ഞ് കുറെ കഥകളും പറഞ്ഞ് എപ്പോഴേ നിദ്രയിലേക്ക്.
Day 2
രാവിലെ നേരത്തെ തന്നെ എഴുന്നേറ്റു. മുഖം പോലെ കഴുകാതെ ചായ ഉണ്ടാക്കി. തണുപ്പ് അത്രക്കുണ്ടായിരുന്നു. കുറച്ച് ബിസ്ക്കറ്റ് ബാക്കിയുണ്ട്. അതും കഴിച്ചു. ഇന്ന് രാവിലെ മാത്തേരണ്‍ പോകണം. അവിടെ നിന്ന് പെബ് ഫോര്‍ട്ട് വഴി തിരിച്ചു പോകണം. സമയം കളയാതെ ടെന്‍റ് കഴിക്കാനുള്ള പരിപാടി തുടങ്ങി. ബാഗുകള്‍ എല്ലാം ശരിയാക്കി 8 മണിയോടെ മാത്തേരണ്‍ പോകാന്‍ തയ്യാറായി. പോകുന്നതിന്‍റെ മുന്പ് ഗാര്‍ബറ്റ് പ്ലാറ്റ്യു ഒന്നും കൂടി കാണാം. ഇന്നലെ വൈകുന്നേരം ശരിക്ക് കാണാന്‍ കഴിഞ്ഞിട്ടില്ല. ഇന്നലത്തെ പോലെ മഴയില്ല. കുറച്ച് നേരം ഗാര്‍ബറ്റ് പോയിന്‍റില്‍ കാറ്റും കൊണ്ട് നിന്നപ്പോള്‍ താഴെ പ്ലാറ്റ്യുവില്‍ കോട നിറഞ്ഞിരിക്കുന്നത് കാണാം. മുന്പ് ഇവിടെ വന്നപ്പോള്‍ മാത്തേരണിന്‍റെ ചെരുവിലൂടെ നിരവധി വെള്ളച്ചാട്ടങ്ങള്‍ ഒലിക്കുന്നത് കണ്ടതാണ്. ഇന്നതിന് ഭാഗ്യമില്ല. സാരമില്ല, ഇനി വരുന്പോള്‍ കാണാം. സമയം കളയാതെ നടത്തം തുടങ്ങി. മഴ പെയ്യുന്നുണ്ട്. ഇവിടെ നിന്ന് 1 മണിക്കൂര്‍ നടക്കാനുണ്ട് മാത്തേരണ്‍ റെയില്‍വെ സ്റ്റേഷനിലേക്ക്. പോകുന്ന വഴിയില്‍ ഇന്നലെ കണ്ട വെള്ളച്ചാട്ടം ഇന്ന് ശരിക്ക് കാണാന്‍ കഴിഞ്ഞു. മൊബൈലില്‍ വെള്ളം കയറിയത് കൊണ്ട് ഫോട്ടോ എടുക്കാന്‍ കഴിയുന്നില്ല. എങ്കിലും മനസ്സ് നിറഞ്ഞ് ആസ്വദിക്കാന്‍ കഴിഞ്ഞു. കുറച്ച് നേരം ഇവിടെ സമയം ചിലവഴിച്ച് വീണ്ടും നടത്തം തുടര്‍ന്നു.
സമയം ഒന്പതര ആയപ്പോഴേക്കും ഞങ്ങള്‍ മാത്തേരണ്‍ റെയില്‍വെ സ്റ്റേഷനില്‍ എത്തി. ചെറിയൊരു സ്റ്റേഷന്‍. ചുറ്റുമായി കുറച്ച് കടകളും റിസോര്‍ട്ടുകളും ഹോട്ടലുകളും. ഏജന്റുമാര്‍ റൂം വേണോ എന്ന് ചോദിച്ച് വരുന്നു. 1200-1500 രൂപയാണ് ഒരു റൂമിന് ചാര്‍ജ് പറയുന്നത്. സാധാരണ 3000 രൂപയില്‍ കൂടതല്‍ പോകും, ഇന്ന് ബദ് ലാപുരില്‍ വെള്ളം കയറിയത് കൊണ്ട് മുംബൈ ലോക്കല്‍ സര്‍വ്വീസ് നിര്‍ത്തിയിരിക്കുന്നു. അത്കൊണ്ട് ടുറിസ്റ്റുകള്‍ കുറവായതിനാണ് ചാര്‍ജ് കുറച്ചിരിക്കുന്നത്. അപ്പോഴാണ് പണി പാളിയിട്ടുണ്ട് എന്ന് ഞങ്ങള്‍ക്ക മനസ്സിലായത്. തിരിച്ച് പോകാന്‍ നേരലില്‍ നിന്ന് കല്യാണിലേക്ക് ട്രെയിനില്ല. വേഗം തൊട്ടടുത്ത ഹോട്ടലില്‍ കയറി ബ്രേക്ക് ഫാസ്റ്റ് കഴിച്ചു. വടയും ഇഡ് ലിയും പാവ് ബാജിയും ചായയും. വേഗം തിരിച്ചിറങ്ങാന്‍ നോക്കാം. സമയം കൂടതലില്ലാത്തതിനാല്‍ പെബ് ഫോര്‍ട്ട് പോയതിന് ശേഷം ആനന്ദ് വാടി വില്ലേജ് വഴി നേരലിലേക്ക് നടക്കുന്നത് പന്തിയല്ല. പെബ് ഫോര്‍ട്ടില്‍ നിന്ന് അമന്‍ ലോഡ്ജില്‍ തിരിച്ച് വന്ന് ഷയര്‍ ടാക്സിക്ക് തന്നെ തിരിച്ച് പോകാം.
മാത്തേരണില്‍ നിന്ന് അര മണിക്കൂറിനുള്ളില്‍ അമന്‍ ലോഡ്ജ് എത്തി. അമന്‍ ലോഡ്ജില്‍ നിന്ന് രണ്ട് റുട്ടിലൂടെ പെബ് ഫോര്‍ട്ടിലെത്താം. അമന്‍ ലോഡ്ജില്‍ നിന്ന് തന്നെ റെയില്‍ വെ ട്രാക്കിലുടെ താഴോട്ട് നടന്നാല്‍ പെബ് ഫോര്‍ട്ട് എന്ട്രി പോയിന്‍റ് എത്താം. ഈ റൂട്ടിലാണ് പനോരമ വ്യൂ പോയിന്‍റ് ഉള്ളത്. അടുത്ത റൂട്ട്, അമന്‍ ലോഡ്ജില്‍ നിന്ന് റോട്ടിലൂടെ താഴോട്ട് നടന്നാല്‍ ആദ്യം കാണുന്ന റെയില്‍വെ ക്രോസിന്‍റെ അവിടെ നിന്ന് ട്രാക്കിലൂടെ ഇടത്തോട്ട് നടന്നാല‍്‍ മുകളില്‍ പറഞ്ഞ എന്‍ട്രി പോയന്‍റ് എത്താം. ഞങ്ങള്‍ രണ്ടാമത്തെ റൂട്ടിലൂടെ പോകാന്‍ തീരുമാനിച്ചു. കാരണം, ഒന്നാമത്തെ റൂട്ടിലൂടെ തിരിച്ചു വന്നാല്‍ അമന്‍ ലോഡ്ജില്‍ നിന്ന് ടാക്സി പെട്ടെന്ന് കിട്ടും. റോട്ടിലൂടെ താഴോട്ട് നടക്കുന്പോള്‍ രണ്ടു വശങ്ങളിലായി ചെറുതും വലുതമായ നിരവധി വെള്ളച്ചാട്ടങ്ങള്‍ കാണാം. ധാരാളം പോര്‍ വെള്ളച്ചാട്ടങ്ങളില്‍ കളിക്കുന്നണ്ട്. നേര്‍ത്ത വരകളായി മല നിരകളില്‍ നിന്ന് ചാലിട്ടൊഴുകുന്ന ഈ വെള്ളച്ചാട്ടങ്ങള്‍ക്ക് ഏന്തോ ഒരു പ്രത്യക ഭംഗിയുണ്ട്. താഴോട്ടുള്ള വഴികളില്‍ നിന്നെല്ലാം ഇതുതന്നെയാണ് കാഴ്ച്ച. ആദ്യത്തെ റെയില്‍ ക്രോസിന്‍റെ അവിടെ നിന്ന് ഞങ്ങള്‍ ട്രാക്കിലൂടെ മുകളിലേക്ക് നടത്തം തുടങ്ങി. ട്രാക്കിലൂടെ അതിശക്തിയായി വെള്ളം ഒലിച്ചു വരുന്നുണ്ട്. പലയിടങ്ങളിലായി ട്രാക്കിന്‍റെ അടിഭാഗത്തെ മണ്ണ് ഒലിച്ച് പോയിട്ടുണ്ട്. ഇത് കൊണ്ട് തന്നെയാണ് മഴക്കാലത്ത് ടോയി ട്രെയിന്‍ നേരലില്‍ നിന്ന് അമന്‍ ലോഡ്ജ് വരെ സര്‍വ്വീസ് നടത്താത്. ഇത് വഴി പല പ്രാവശ്യം വന്നിട്ടുണ്ടെങ്കിലും മുന്പ് കാണാത്ത പല വെള്ളച്ചാട്ടങ്ങളും ഇന്ന് മുന്നിലൂടെ കുത്തിയൊലിക്കുന്നു. ചെറിയൊരു പേടിയുണ്ട്. അതി ശക്തമായ മഴയും. കുറച്ചും കൂടി നടന്നപ്പോള്‍ വെള്ളച്ചാട്ടങ്ങളിലൂടെ മുകളില്‍ നിന്ന് ചെറിയ കല്ലുകള്‍ താഴേക്ക് വന്ന് പതിക്കുന്നതാണ് കാഴ്ച്ച. ഇനി മുന്നോട്ട് പോകുന്നത് നന്നല്ല. അപ്പോഴേക്കും മറു വശത്ത് നിന്ന് മറ്റൊരു ടീം തിരിച്ച് വരുന്നു. അവിടെ വഴി ബ്ലോക്ക് ആയിട്ടുണ്ട്. ഇന്ന് പെബ് പോര്‍ട്ട് പോകാന്‍ കഴിയില്ല. ചെറിയൊരു വിഷമത്തോടെ അവിടെ നിന്ന് തിരിച്ച് നടന്നു. കുത്തിയൊലിക്കുന്ന വെള്ളത്തിലൂടെ നടന്നത് കൊണ്ട് ഷൂവിനുള്ളില്‍ ചെറിയ കല്ലുകള്‍ കയറിയുട്ടുണ്ട്. മെയിന്‍ റോട്ടില്‍ എത്തി ഷൂ കഴിച്ചപ്പോഴേക്കും ഒരു ടാക്സി മുകളില്‍ നിന്ന് വരുന്നു. കൈ കാണിച്ചപ്പോള്‍ ടാക്സി നിര്‍ത്തി, നേരല്‍ പോകില്ല, സ്റ്റേഷനു 1 KM മുനപ് ഇറക്കി തരാം എന്നു പറഞ്ഞു. എന്തായാലും അതില്‍ കയറി.
ടാക്സിയില്‍ ഞങ്ങളെ കൂടാതെ വേറെ 3 യത്രികര്‍ ഉണ്ട്. അതില്‍ ഇരുന്ന് റെയിന്‍ കോട്ടും ബാഗം എല്ലാം ഒന്ന് ശരിയാക്കി വന്നപ്പോഴേക്കും എവിടെ നിന്നോ ആരോ മലയാളത്തില്‍ സംസാരിക്കുന്നു. ഒന്നും കൂടി ശ്രദ്ധിച്ചപ്പോഴാണ് മനസ്സിലായത്, മുന്നിലിരുക്കുന്ന മൂന്നു പേര്‍ മുംബൈയില്‍ ജോലിചെയ്യുന്ന മലയാളികളാണ്. ഇന്നലെ വന്ന് തിരിച്ച് പോകാന്‍ കഴിയാതെ കുടുങ്ങിയതാണ്. ടാക്സി ഡ്രൈവറോട് സംസാരിച്ചപ്പോഴാണ് മനസ്സിലായത്, നേരല്‍ സ്റ്റേഷനില്‍ പോയിട്ട് ഇനി കാര്യമില്ല. ഇന്നലെ രാത്രി വാഗനൈ സ്റ്റേഷനടുത്ത് വെള്ളത്തില്‍ കുടിങ്ങിയ ട്രെയിന്‍ ഇപ്പോഴും അവിടെ കിടക്കുന്നു. ഇവിടെ നിന്ന് കര്‍ജാട്ട് എത്തിയാല്‍, പന്‍വേലിലേക്ക് ബസ് കിട്ടും. അവിടെ ലോക്കല്‍ ട്രെയിനുകള്‍ ഓടിത്തുടങ്ങിയുട്ടുണ്ട്. അങ്ങനെ ഈ മൂന്ന് പേരുടെ കര്‍ജാട്ട്-പന്‍വേല്‍ വഴി മുംബൈയിലേക്ക്....
[Ep. 33 | 2019-07-26 | Matheran]
#TheIndianTrails
Please support us on:
https://facebook.com/theindiantrails
https://youtube.com/c/theindiantrails
#MonsoonTrekking #Matheran #GarbettPoint #TheIndianTrails